കളമശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തുന്നതിന് ഡിസ്‌കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും നൽകിയിരുന്നുവെന്നാണ് വിവരം. കഞ്ചാവ് വാങ്ങാൻ മുൻകൂർ പണമടയ്ക്കുന്നവർക്ക് ഡിസ്കൗണ്ട് നൽകുന്നതായിരുന്നു രീതി. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപയ്ക്കായിരുന്നു. ക്യാമ്പസിൽ കഞ്ചാവെത്തും മുൻപ് ബുക്ക് ചെയ്തവർക്ക് വിലയിളവ് ലഭിക്കും. അത്തരക്കാർക്ക് 500 രൂപയുടെ പാക്കറ്റ് 300 രൂപയ്ക്കാണ് നൽകുക. വാട്‌സ്ആപ്പിലൂടെയായിരുന്നു ഇടപാടുകൾ നടന്നതെന്നും വിവരമുണ്ട്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പൂർവിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഷിഖ്, ഷാരിൽ എന്നിവരാണ് പിടിയിലായത്. ആഷിഖാണ് ഹോസ്റ്റലിലേക്ക് ലഹരി എത്തിച്ചതെന്നാണ് കണ്ടെത്തൽളമശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.. ആകാശിനൊപ്പം മുറിയിൽ താമസിച്ച KSU പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് മൊഴി. കഞ്ചാവ് കൈമാറ്റത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് തൃക്കാക്കര എസിപി പ്രതികരിച്ചു. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികൾ പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
തെളിവുകൾ കിട്ടിയാലേ വിശ്വസിക്കാനാവു. പൂർവ വിദ്യാർത്ഥികൾ രണ്ട് പേർക്കും നേരിട്ട് പങ്കുണ്ട്. ഇവർ തന്നെയാണ് കഞ്ചാവ് വിതരണം ചെയ്‌തത്. കൂടുതൽ ആളുകൾ പിന്നിലുണ്ടെന്നാണ് കരുതുന്നത്. കോളേജിൽ നിന്നുള്ള ഡിമാൻഡ് കാരണമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. ആകാശിന്റെ മുറിയിൽ ഉണ്ടായിരുന്ന ആദിലിനും അനന്തുവിനും പങ്കുണ്ടെന്നതിന് തെളിവില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.