സ്വകാര്യ ബസിനു മുകളിൽ കയറി യാത്ര; ബസ് ജീവനക്കാർക്കും ഉടമയ്ക്കും നോട്ടീസ്

0
827

കോഴിക്കോട്: സ്വകാര്യ ബസിനു മുകളിൽ കയറി ആളുകൾ യാത്ര ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എംവിഡി. ഇതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും ഉടമയും നാളെ ചേവായൂർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചതായി എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോൻ അറിയിച്ചു.

 

കോഴിക്കോട് – ബാലുശ്ശേരി – കിനാലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് അപകടകരമാകുന്ന തരത്തില്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്തത്. ബസിന്റെ മുകളിലും ആളുകൾ കയറി യാത്ര ചെയ്തതിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് 3 പേർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും. തുടർന്നു ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും നോട്ടിസ് നൽകുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

 

കഴിഞ്ഞ ദിവസം രാത്രി കാരപ്പറമ്പ് മുതൽ ഹോമിയോ കോളജ് സ്റ്റോപ്പ് വരെയുള്ള ഭാഗത്തെ ദൃശ്യങ്ങളാണ് ഇതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോമിയോ കോളജ് സ്റ്റോപ്പിൽ വച്ച് ഒരാൾ നേരെ കോണി കയറി ബസിനു മുകളിലേക്കു പോകുന്നതു കാണാം. ഈ ബസിനു മുൻപ് പോകേണ്ട 2 ബസുകൾ ഇല്ലാത്തത് കൊണ്ടാണ് ഇത്രെയും തിരക്ക് അനുഭവപ്പെട്ടത്. എന്നാൽ 4 പേർ മുകളിൽ കയറിയത് ശ്രദ്ധയിൽപെട്ടതോടെ ഇവരെ ബസിന്റെ ഉള്ളിലേക്കു കയറ്റിയതായും ജീവനക്കാർ അധികൃതരെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here