കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്രവേശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
സംവരണം ഉള്‍പ്പെടുത്തി രണ്ടാമത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യം ഉണ്ടായിരുന്ന ചിലര്‍ പുറത്തായെന്നും ആരോപണമുണ്ട്. ഇങ്ങനെ പുറത്തായവര്‍ നിയമനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആറുമാസമായി പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണ്.
അതേസമയം കെ വിദ്യ ഉള്‍പ്പെട്ട കാലടി സര്‍വകലാശാല പിഎച്ച്ഡി പ്രവേശനത്തില്‍ മുന്‍ വിസിയുടെ വാദം പൊളിയുകയാണ്. വിദ്യക്ക് പ്രവേശനം നല്‍കിയത് സര്‍വകലാശാല ചട്ടം പാലിച്ച് അല്ലെന്ന മുന്‍ വിസിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പ്രവേശനം നല്‍കിയത് എന്നാണ് ഓഡിയോയില്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പറയുന്നത്.
സര്‍വകലാശാല ചട്ടങ്ങള്‍ പാലിച്ചാണ് വിദ്യക്ക് കാലടി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പിഎച്ച്ഡി പ്രവേശനം നല്‍കിയത് എന്നായിരുന്നു സര്‍വകലാശാല മുന്‍വിസി ധര്‍മ്മരാജ് അടാട്ടിന്റെ പ്രതികരണം. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റ് എന്ന് തെളിയിക്കുന്ന ധര്‍മരാജ് അട്ടാട്ടിന്റെ ഓഡിയോ സന്ദേശങ്ങള്‍ ആണ് പുറത്തായിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പിഎച്ച്ഡി വിവാദം വീണ്ടും ഉയരുന്നത്.