മാനന്തവാടി: തലപ്പുഴ കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി സ്വദേശമായ മക്കി മലയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരടക്കം മാനന്തവാടിയിലെത്തിയാണ് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത്.
ഇന്നലെ അപകടത്തിൽ മരിച്ച മക്കിമല ആറാം നമ്പർ പട്ടികജാതി കോളനിയിയിലെ റാണി (57),ശാന്ത (55),ചിന്നമ്മ (60),ലീല (60),ഷാജ (47),റാബിയ (62),കർത്യായനി (65),ശോഭന (55),ചിത്ര എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ഇവരിൽ മരിച്ച ശാന്തയുടെ മകളാണ് ചിത്ര .കാർത്യായനിയും ലീലയും ജ്യേഷ്ഠനുജൻമാരുടെ ഭാര്യമാരാണ്.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മക്കിമല എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വെക്കും .തുടർന്ന് റാബിയയുടെ മൃതദേഹം മക്കിമല ജുമാ മസ്ജിദ് ഖബർസ്ഥാനിലും കാർത്യായനിയുടെയും ലീലയുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ പൊതുശ്മശാനത്തിലും സംസ്കരിക്കും.
*പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ*
ഉമാദേവി ചിന്നയ്യൻ,ഡ്രൈവർ മണി (44),ജയന്തി (45), എന്നിവർ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും ലത (38) ,മോഹന സുന്ദരി എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലുമാണ് .
മന്ത്രി എ.കെ. ശശീന്ദ്രൻ മാനന്തവാടിയിലുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉച്ചക്ക് മക്കി മലയിലെത്തും. ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധി എം.പി.യുമടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽ ഉള്ളവർ അനുശോചിച്ചു.