ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല. കഴിവുകൾ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നത്.
ഒപ്റ്റിമസ് ജെൻ-2ന്റെ പുതിയ വീഡിയോയയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെ വീഡിയോയിൽ കാണാൻ കഴിയും. ബോട്ടിന്റെ വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല ഒപ്റ്റിമസ് ജെൻ-2 നെ അവതരിപ്പിച്ചിരിക്കുന്നത്.
ടെസ്‌ലയുടെ നിർമാണ ജോലികളിൽ താമസിയാതെ ഈ റോബോട്ട് ഉപയോഗിച്ച് തുടങ്ങും. എന്നാൽ റോബോട്ടിന്റെ ബാലൻസ്, ഗതി നിർണയം, ഭൗതികലോകവുമായുള്ള ഇടപെടൽ, തിരിച്ചറിവ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകൾ ആവശ്യമാണ്. ഇത് നിർമ്മിക്കുന്നതിനായി ഡീപ്പ് ലേണിങ്, കംപ്യൂട്ടർ വിഷൻ, മോഷൻ പ്ലാനിങ്, കൺട്രോൾ, മെക്കാനിക്കൽ, സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ നിയമിക്കാനൊരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു.