പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ആയി നിയമിതനായ ഡോ.പി.സി.ശശീന്ദ്രൻ ഗവർണർക്ക് രാജിക്കത്ത് നൽകി. വ്യക്തപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണു കത്തിലുള്ളത്. രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. വെറ്റിനറി സർവകലാശാല വിസിയായിരുന്ന ഡോ.എം.ആർ.ശശീന്ദ്ര നാഥിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പി.സി.ശശീന്ദ്രന് ഗവർണർ ചുമതല നൽകിയത്.
സർവകലാശലയിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനു പിന്നാലെയാണ് വിസിയുടെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി.ശശീന്ദ്രനു നൽകി ചാൻസലർ ഉത്തരവിറക്കിയത്. ഡോ. എം.ആർ.ശശീന്ദ്രനാഥിനെ വിസിയായി നിയമിക്കുന്ന സമയത്തു സേർച് കമ്മിറ്റി നൽകിയ മൂന്നംഗ പാനലിൽ ശശീന്ദ്രനും ഉണ്ടായിരുന്നു.