അരിവാൾ രോഗം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു

0
485

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗ ചികിത്സയിലിരുന്ന യുവതി മരിച്ചു. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി.

 

അരിവാൾ രോഗിയായ സിന്ധുവിനെ കാൽമുട്ട് വേദനയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നേഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണുണ്ടായത്. ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച രോഗിയെ തങ്ങളെ സമാധാനിപ്പിക്കാൻ ആയി ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു.

 

ഉച്ച കഴിയുന്നതുവരെ സിന്ധുവിനെ വലിയ അവശതകൾ ഒന്നുമുണ്ടായിരുന്നില്ല രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് ആവിശ്യപെട്ടത്. എന്നാൽ മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നേഴ്സുമാർ ഭക്ഷണപാത്രം സിന്ധുവിന്റെ മടിയിൽ വച്ചുകൊടുത്തുവെന്നും ഇവർ പറഞ്ഞു. ഒമ്പത് മണിയോടെയാണ് മരണം. മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായെന്നും ബന്ധുക്കൾ പറഞ്ഞു.സംസ്കാരം വൈകുന്നേരം വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here