തിരുവനന്തപുരം∙ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ കേസിലെ പ്രതി നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം. പ്രതിയുടെ ജാമ്യാപേക്ഷ സമർപ്പിച്ച സമയത്താണ് സർക്കാർ അഭിഭാഷകൻ ഈ ആവശ്യം അറിയിച്ചത്. ഇതേത്തുടർന്ന്, പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദേശം നൽകി. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്.
പ്രതിയെ നേരത്തേ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. പ്രതി പെൺകുട്ടിയെ കൊണ്ടു പോയ റിസോർട്ട്, വാഹനം എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നും ഇതിനായി കസ്റ്റഡിയിൽ വേണമെന്നുമാണ് പൊലീസിന്റെ ആവശ്യം. പ്രതിയുടെ പ്രവൃത്തികളാണ് അതിജീവിതയുടെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇരുവരും അകന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി വീട്ടിലാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയെ പലതവണ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇവർ രണ്ടു വർഷത്തോളം റീൽസ് ചെയ്തിരുന്നു. പ്രതിയുമായി അടുപ്പമുണ്ടായിരുന്നപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ല എന്നതിനാലാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്.