കോഴിക്കോട്∙ തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് െമഡിക്കൽ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയിൽ നിന്ന് ഉയർത്താനുള്ള നീക്കം നടക്കുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആനക്കാംപൊയിലിൽ നിന്ന് മുക്കത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തിരുവമ്പാടി – പുല്ലൂരാംപാറ റൂട്ടിൽ കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് കുത്തനെ തലകീഴായി മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയായിരുന്നു. യാത്രക്കാരിൽ ചിലർ വെള്ളത്തിൽ വീണു. മുൻഭാഗത്തിരുന്നവർക്കാണ് സാരമായി പരുക്കേറ്റത്. ബസിന്റെ പിൻഭാഗത്ത് ഇരുന്നവർ തെറിച്ച് മുൻവശത്തേക്ക് എത്തി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനാണ് ശ്രമം. റോഡിൽ പലഭാഗത്തായി പണി നടക്കുന്നുണ്ടായിരുന്നു. ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പാലത്തിന്റെ കൈവരിയും തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് യാത്രക്കാരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. കുടുങ്ങിപ്പോയ ചിലരെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.