സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റി. മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു.
കേസ് നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും. ഡിസംബർ 12 വ്യാഴം ഉച്ചക്ക് 12:30 നാണ് കോടതി അടുത്ത സിറ്റിങ്ങിന് സമയം അനുവദിച്ചത്. അബ്ദുറഹീമിന്റെ റഹീമിന്റെ മോചനത്തിൽ ആശങ്ക ഉണ്ടെന്ന് സഹോദരൻ നസീർ പ്രതികരിച്ചു. പണം വാങ്ങി സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയിട്ടും മോചനം വൈകുന്നു. എന്തുകൊണ്ട് മോചന ഉത്തരവ് വൈകുന്നു എന്ന് അന്വേഷിക്കണമെന്ന് നസീർ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റഹീം നിയമസഹായ സമിതിയും വിഷയത്തിൽ ഇടപെടണമെന്നും നസീർ ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8 ലേക്ക് നീട്ടി വെക്കുകയായിരുന്നു. ഇതാണിപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം. ദിയാധനമായ 15 മില്യൺ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച സൌദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇനി ജയിൽ മോചനത്തിനുള്ള കാത്തിരിപ്പിലാണ്.