മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

0
723

കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില്‍ 2023ൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂർ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. വൈകിട്ടോടെ നടക്കാവ് പൊലീസ് ഗുരുവായൂരിലെത്തി ദമ്പതികളെ കൂട്ടി മടങ്ങി.

 

ഇരുവരെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. 20 വർഷം മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുൻപ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. വ്യാഴാഴ്ച മാവൂർ റോഡിലെ ലോഡ്ജിൽനിന്നു രാവിലെ 9ന് ഇറങ്ങിയ ഇരുവരെയും കാണാനില്ലെന്നു സുഷാരയുടെ സഹോദരൻ മക്കട സ്വദേശി സുമൽജിത്താണു നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടക്കാവ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

 

സിസിടിവി പരിശോധനയിൽ, മാവൂർ റോ‍ഡിലെ സ്വകാര്യ ലോ‍ഡ്ജിൽനിന്ന് ഇരുവരും വ്യാഴാഴ്ച രാവിലെ 9ന് ഇറങ്ങി ഓട്ടോയിൽ കയറി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർന്നു ട്രെയിൻ മാർഗം പോയെന്ന നിഗമനത്തിൽ പൊലീസ് എല്ലാ റെയിൽവേ സ്റ്റേഷനിലും മുന്നറിയിപ്പു നൽകി. ഇതിനിടെയാണു ഗുരുവായൂർ പൊലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരെയും കണ്ടെത്തിയത്.

 

മനസ്സമാധാനം ലഭിക്കാനാണു പോയതെന്നാണു രജിത് വാട്സാപ് ഗ്രൂപ്പിൽ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചത്. ചെയ്യാത്ത തെറ്റിനു പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ആത്മഹത്യ ചെയ്തേക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കി. മാമി തിരോധാനവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും രജിത്തിനെ ചോദ്യം ചെയ്തിരുന്നു. സഹോദരിയെയും ഭര്‍ത്താവിനെയും ക്രൈംബ്രാഞ്ച് മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി സുമല്‍ജിത്ത് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here