ഫരീദാബാദ്∙ 16 വയസുള്ള പെൺകുട്ടിയെ 3 പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും ഗർഭച്ഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്ഥിരീകരിച്ചു. കേസിൽ 3 പേരെയും അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്നു പെൺകുട്ടി. പെൺകുട്ടിയ്ക്ക് റോഡരികിൽ വച്ച് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. തന്റെ ഇളയ സഹോദരനെ കാണാനില്ലെന്ന് പെൺകുട്ടി ഓട്ടോ ഡ്രൈവറോട് പരാതി പറയുകയും അന്വേഷിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റുകയുമായിരുന്നു. ഇതിനു ശേഷം പല തവണ ഇയാളും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.
അയൽവാസിയായ ഓട്ടോ ഡ്രൈവർ ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പെൺകുട്ടിയെ പല തവണകളായി ബലാത്സംഗം ചെയ്തത്. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇവരെത്തി പപ്പായ ഉൾപ്പെടെ നൽകുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. ആരോഗ്യ നില വഷളായപ്പോൾ സംഭവം ഒരു എൻജിഒ വഴി ചൈൽഡ് ഹെൽപ്പ് ലൈനിൽ എത്തുകയായിരുന്നു.