24 വയസ്സ് മാത്രം പ്രായം, തുടർന്ന് പഠിക്കണം: ഗ്രീഷ്മ കോടതിയിൽ; ‘ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവം

0
726

തിരുവനന്തപുരം ∙ പാറശാല ഷാരോണ്‍ വധക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നു. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ കേൾക്കുകയാണ്. ഇന്നലെ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.

 

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല.

 

വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഗ്രീഷ്മക്ക് പരമാവധി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഷാരോൺ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധത്തിൽ നിന്നും പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ സമ്മതിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

 

ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാര െന്നു നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിൽ എത്തിച്ചു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ടു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്.

നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയാറായിരുന്നില്ല. ഷാരോണിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണു കേസ്. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഷാരോൺ ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. തെളിവു നശിപ്പിക്കലാണു നിർമലകുമാരൻ നായർക്കു മേലുള്ള കുറ്റം. ഇയാളെ ജാമ്യത്തിൽ വിട്ടു. കുപ്പി ഒളിപ്പിക്കാൻ അമ്മ സിന്ധുവും കൂട്ടുനിന്നെന്ന വാദം തെളിയിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here