നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശം വയ്ക്കുന്നതായി കണ്ടാൽ വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുന്ന നടപടിയുമായി അധികൃതർ. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തിയാണു പിഴ ഈടാക്കാൻ നീക്കം. തുടർന്നും ഇത് ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കുമെന്നുമാണ് നീലഗിരി ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.
നീലഗിരിയിലേക്കുള്ള യാത്രക്കാരിൽ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നം കൈവശംവച്ചെന്ന് കണ്ടെത്തിയാൽ അയാൾ യാത്ര ചെയ്ത വാഹനം കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു നടപടി. നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വെള്ളക്കുപ്പികൾ ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്നു പരിഗണിക്കവേയാണ് ഹൈക്കോടതി നീലഗിരി കലക്ടർക്ക് കർശന നിർദേശം നൽകിയത്. കുടിവെള്ള എടിഎമ്മുകളിൽ നാണയത്തിനു പകരം സാമൂഹികവിരുദ്ധർ ബബിൾഗമ്മും കല്ലും ഇടുന്ന പ്രശ്നത്തിനു പരിഹാരത്തിനായി യുപിഐ സ്കാനുള്ള വാട്ടർ എടിഎമ്മുകളും ആർഒ ഫിൽറ്ററുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.