കാണാതായ 15 കാരിയും 42 കാരനും മരിച്ച നിലയിൽ

0
1489

കാസർകോട് ∙ പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയായ പെൺകുട്ടിയും അയൽവാസിയായ പ്രദീപും (42) മരിച്ച നിലയിൽ. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത്.

 

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെയാണു പെണ്‍കുട്ടിയെ കാണാതായതെന്നു വ്യക്തമായി.

 

ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കാസർകോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാർത്ത പുറത്തുവരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here