തിരുവനന്തപുരം ∙ ഈ സാമ്പത്തിക വർഷത്തെ റേഷൻ മണ്ണെണ്ണ വിഹിതമായ 31.20 ലക്ഷം ലീറ്റർ കേരളം പാഴാക്കി. 4 പാദങ്ങളിലായി ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കൃത്യസമയത്ത് ഏറ്റെടുക്കാൻ മൊത്ത വ്യാപാരികൾക്കു നിർദേശം നൽകാതിരുന്നതും വിതരണപ്രശ്നങ്ങൾ പരിഹരിക്കാത്തതുമാണു കാരണം. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് 6 ലീറ്ററും മഞ്ഞ കാർഡിന് ഒരു ലീറ്ററും പിങ്ക് കാർഡിന് അര ലീറ്ററുമാണു 3 മാസത്തിലൊരിക്കലുള്ള മണ്ണെണ്ണ വിഹിതം.
അവസാന പാദത്തിലെ വിഹിതം ഏറ്റെടുക്കാൻ ജനുവരി അവസാനമാണ് സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ് നൽകിയത്. എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് റേഷൻ കടകൾക്കു നൽകേണ്ട ഡീലർമാരിൽ പലരുടെയും ലൈസൻസ് സർക്കാർ പുതുക്കിനൽകിയിരുന്നില്ല. എണ്ണക്കമ്പനികളാകട്ടെ, പൂർണ ലോഡായി മാത്രമേ ഡീലർക്കു നൽകൂവെന്ന നിബന്ധനയും വച്ചു.
എന്നാൽ, അലോട്മെന്റ് കുറവായതിനാൽ ഓരോ ഡീലർക്കും പൂർണ ലോഡ് എടുക്കാനുള്ള അളവില്ലായിരുന്നു. ഡീലർമാരിൽനിന്ന് മണ്ണെണ്ണ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമുള്ള റേഷൻ വ്യാപാരികൾ, ഗതാഗതച്ചെലവ് കൂടിയതിനാലും വിൽപന കമ്മിഷൻ ഈയിനത്തിൽ കുറവായതിനാലും മണ്ണെണ്ണ വാങ്ങില്ലെന്ന നിലപാടിലാണ്. ഡീലർമാരുടെ എണ്ണം പരിമിതമായതിനാൽ വ്യാപാരികൾ ഏറെ ദൂരം സഞ്ചരിച്ചാണ് മണ്ണെണ്ണ ഏറ്റെടുക്കുന്നത്.