തിരുവനന്തപുരം ∙ വേനൽക്കാലത്ത് കേന്ദ്ര പൂളിൽനിന്നു കൂടുതൽ വൈദ്യുതി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതോടെ കെഎസ്ഇബി നെട്ടോട്ടത്തിൽ. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യത തേടി ഉത്തരേന്ത്യയിലെ വിവിധ കമ്പനികളുമായി ഒരുവട്ടം ചർച്ചകൾ പൂർത്തിയാക്കി. ചർച്ച ഫലം കണ്ടില്ലെങ്കിൽ മാർച്ച് മുതൽ മേയ് വരെ തത്സമയ വിപണിയിൽനിന്നോ ഹ്രസ്വകാല കരാറുകളിലൂടെയോ കൂടിയ നിരക്കു നൽകി വൈദ്യുതി വാങ്ങേണ്ടിവരും.
കഴിഞ്ഞവർഷം മാർച്ച് മുതൽ പല ദിവസങ്ങളിലും വൈദ്യുതി ഉപയോഗം റെക്കോർഡ് തകർത്തിരുന്നു. മേയ് മൂന്നിനു 11.59 കോടി യൂണിറ്റ് വേണ്ടിവന്നു. ഇത്തവണ പ്രതിദിന ഉപയോഗം 12 കോടി യൂണിറ്റ് കവിയുമെന്നാണു കരുതുന്നത്. നിലവിലെ ആഭ്യന്തര ഉൽപാദനമാകട്ടെ 2 കോടി യൂണിറ്റ് മാത്രവും. വേനലിൽ ഡാമുകളിലെ അവസ്ഥയനുസരിച്ച് ഉൽപാദനം കുറഞ്ഞേക്കും.
കഴിഞ്ഞവർഷം മേയിലെ വൈദ്യുതി ഉപയോഗം 5797 മെഗാവാട്ടായിരുന്നത് ഇത്തവണ 6200 മെഗാവാട്ട് വരെയെത്തിയേക്കും. മിക്കവാറും ഏപ്രിലിൽ തന്നെ ഉപയോഗം റെക്കോർഡ് ഭേദിക്കുമെന്നാണു വിലയിരുത്തൽ. എസി, ഇലക്ട്രിക് വാഹന ഉപയോഗം വർധിച്ചതും സ്ഥിതി വഷളാക്കും. നേരത്തേ വൈകിട്ട് 6 മുതൽ 10 വരെയായിരുന്നു ഉയർന്ന വൈദ്യുതി ഉപയോഗമെങ്കിൽ ഇപ്പോഴത് പുലർച്ചെ 2 വരെ നീളുന്നു.
കേരളം ചോദിച്ചതും കേന്ദ്രം നൽകിയതും
ലോക്സഭയിൽ വി.കെ.ശ്രീകണ്ഠന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി ശ്രീപദ് നായിക്കാണ് കേന്ദ്ര പൂളിൽനിന്നു കൂടുതൽ വൈദ്യുതിയില്ലെന്നു വ്യക്തമാക്കിയത്.
∙ കേരളം ആവശ്യപ്പെട്ടത്: എൻടിപിസി താൽചർ 2 നിലയത്തിൽ നിന്നുള്ള വിഹിതം 180 മെഗാവാട്ടിൽനിന്ന് 400 മെഗാവാട്ടാക്കുക, മാർച്ച് വരെ ബാർ നിലയത്തിൽനിന്നു ലഭിക്കുന്ന 177 മെഗാവാട്ട് 400 മെഗാവാട്ടാക്കി ജൂൺ വരെ നീട്ടുക, രാജസ്ഥാൻ അറ്റോമിക് പവർ സ്റ്റേഷനിൽനിന്ന് 350 മെഗാവാട്ട് അനുവദിക്കുക.
∙ കേന്ദ്രം അനുവദിച്ചത്: ബാർ നിലയത്തിൽനിന്നുള്ള 177 മെഗാവാട്ട് ജൂൺ വരെ നീട്ടി.