കണ്ണൂർ ∙ കണ്ണൂർ കുടുംബ കോടതിയിൽ വാദം കേൾക്കെ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണു സംഭവം. ജഡ്ജി ആർ.എൽ.ബൈജുവിന്റെ ചേംബറിലെ മേശയോടു ചേർന്നു നിലത്താണു പാമ്പിനെ കണ്ടത്. ജഡ്ജി ആ സമയം കോടതിയിലായിരുന്നു. ഓഫിസ് ജീവനക്കാരും ഡ്രൈവറുമാണു പാമ്പിനെ കണ്ടത്. ഉടൻ ജീവനക്കാർ പുറത്തിറങ്ങുകയും ചേംബറിന്റെ വാതിലും ജനലും അടയ്ക്കുകയും ചെയ്തു. തുടർന്നു ജഡ്ജിയെ വിവരമറിയിച്ചു. ഉച്ചയ്ക്കു കോടതി പിരിഞ്ഞപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. റെസ്ക്യൂവർ ശ്രീജിത്ത് എത്തി പാമ്പിനെ തളിപ്പറമ്പ് റേഞ്ച് ഓഫിസിലേക്കു കൊണ്ടു പോയി. രാത്രിയോടെ കാട്ടിൽ വിട്ടു.