‘മകനു വധശിക്ഷ ലഭിക്കും’: പ്രതിയുടെ അമ്മയിൽ നിന്ന് 8.65 ലക്ഷം രൂപ തട്ടി, യുവാവ് അറസ്റ്റിൽ

0
161

പോക്സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽനിന്നു പലതവണയായി 8.65 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. ചെന്നിർക്കര പ്രക്കാനം തോട്ടുപുറം കൈപ്പിലാലിൽ പാറയിൽ വീട്ടിൽ അച്ചു എന്ന ജോമോൻ മാത്യുവിനെ (28) ആണ് പത്തനംതിട്ട പൊലീസ് പിടിച്ചത്. വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസുകളിലെ പ്രതിയുടെ ജാമ്യം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണു പലപ്രാവശ്യമായി ഇത്രയും തുക തട്ടിയെടുത്തത്.

 

പീഡനക്കേസിലെ രണ്ടാംപ്രതി ചെന്നീർക്കര പ്രക്കാനം ഷൈനു ഭവനത്തിൽ ഷൈനുവിന് (22) ജാമ്യം ലഭിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഇയാളുടെ അമ്മ ലില്ലി ജോർജിൽനിന്നു പണം തട്ടിയത്. പീഡനക്കേസിലെ ഒന്നാം പ്രതി തോട്ടുപുറം കൈപ്പിലാൽ പാറ മേലതിൽ ജോജി മാത്യുവിന്റെ (24) സഹോദരനാണു ജോമോൻ. കഴിഞ്ഞ ദിവസമാണു ലില്ലി ജോർജ് പത്തനംതിട്ട സ്റ്റേഷനിൽ പരാതി നൽകിയത്. ജനുവരി 17നാണ് പ്രതി ആദ്യം ഇവരുടെ കയ്യിൽനിന്നു പണം വാങ്ങിയത്. അന്ന് 15000 രൂപ കൈപ്പറ്റി.

 

മകനു മരണശിക്ഷ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും ജാമ്യം ബുദ്ധിമുട്ടാണെന്നും വിശ്വസിപ്പിച്ചു പലതവണയായി പലയാളുകൾ വഴി പണം തട്ടിയെടുക്കുകയായിരുന്നു. ഇലന്തൂരിൽനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, കുറ്റകരമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here