ജോത്സ്യനെ മർദിച്ച് നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. പൊലീസിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മൈമുന മദ്യ ലഹരിയിൽ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. പ്രതികളെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയും ശേഷം കൊഴിഞ്ഞാമ്പാറ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
കേസിലെ പ്രധാന പ്രതി കൊഴിഞ്ഞാമ്പാറ സ്വദേശി ജിതിനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കാലിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പിടിയിലായ മൈമുന, ശ്രീജേഷ് എന്നിവർ നൽകിയ വിവര പ്രകാരം രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ സ്വദേശി പ്രജീഷ്, നല്ലേപ്പിള്ളി സ്വദേശി ജിതിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ കേസിൽ പത്തു പ്രതികളുണ്ട്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂർ സ്വദേശിനി ഉൾപ്പെടെ ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്.
വീട്ടിലെ ദോഷം തീർക്കാനെന്ന വ്യാജേനെ ജോത്സ്യനെ വിളിച്ചുവരുത്തി ട്രാപ്പിലാക്കിയായിരുന്നു കവർച്ച. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും മൈമുന ജോത്സ്യനോട് പറഞ്ഞു. പിന്നീട് കൊഴിഞ്ഞമ്പാറയിലെത്തിയ ജോത്സ്യനെ യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ചളളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ പ്രതീഷിന്റെ വീടായിരുന്നു അത്. പൂജയ്ക്കിടെ ജോത്സ്യനോട് അസഭ്യം പറഞ്ഞ പ്രതീഷ് ഇയാളെ ഒരു റൂമിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ജോത്സ്യനെ നഗ്നനാക്കി മൈമുനയോടൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു.