ലഹരി കടത്ത്: വിദേശ പൗരൻ പിടിയിൽ

0
716

ബത്തേരി: കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണ്‍ ആണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ 24ന് മുത്തങ്ങയില്‍ നിന്ന് ഷെഫീഖ് എന്നയാളില്‍ നിന്ന് 90ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു.

 

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടാന്‍സാനിയന്‍ സ്വദേശിയുടെ വിവരങ്ങള്‍ ലഭിച്ചത്.
പ്രിന്‍സ് സാംസണ്‍ ബെംഗളൂരുവില്‍ ഒരു കോളേജിലെ ബിസിഎ വിദ്യാര്‍ത്ഥിയാണെന്നും, ഇയാളുടെ അനധികൃത ബാങ്ക് അക്കൗണ്ടില്‍ രണ്ട് മാസത്തെ ഇടപാടുകളില്‍ നിന്നും മാത്രം 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ് പി തപോഷ് ബസുമതാരി പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആളെന്നും എസ്.പി പറഞ്ഞു.

ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തില്‍ ഓപ്പറേഷന്‍ ഡി.ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്. ഡി.വൈ.എസ്.പി.അബ്ദുള്‍ ഷെരീഫ്,പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.രാഘവന്‍,എസ്. ഐ.അതുല്‍ മോഹന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അഞ്ച് മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും വിവിധ എ.ടി.എം. കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെടുത്തു. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. ലഹരി ഉപയോഗവും കടത്തും കര്‍ശനമായി തടയിടാന്‍ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളും പോലീസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here