തൃശൂർ: പാമ്പ് കയറിയ ഹെൽമെറ്റുമായി യുവാവ് കറങ്ങിനടന്നത് രണ്ടുമണിക്കൂറിലേറെ സമയം. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ ജിന്‍റോ എന്ന യുവാവാണ് അണലി കുഞ്ഞിന്‍റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി. അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു.
ഇതിനുശേഷം രാത്രി ഒമ്പത് മണിയോടെ വീണ്ടും ഹെൽമെറ്റ് ധരിച്ച് വീട്ടിലെത്തുകയും ചെയ്തു. വീട്ടുമുറ്റത്ത് ബൈക്ക് നിർത്തിയശേഷം ഹെൽമെറ്റ് ഊരിയപ്പോഴാണ് പാമ്പിൻ കുഞ്ഞ് താഴേക്ക് വീണത്.
പാമ്പിനെ കണ്ട യുവാവ് പരിഭ്രാന്തനാകുകയും തലകറക്കം അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിന് പാമ്പിന്‍റെ കടിയേറ്റില്ലെന്ന് സ്ഥിരീകരിച്ചു. രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ല.