മഴയില്ല ; കടന്നു പോയത് കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശമായ ഓ​ഗസ്റ്റ്

0
339

ദില്ലി: ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു.

 

2005 വർഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓ​ഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ്‌ ഇതിനു മുമ്പ് ഓ​ഗസ്റ്റിലുണ്ടായ മഴക്കുറവ്‌. കേരളത്തിലും വലിയ രീതിയിലുള്ള മഴക്കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 14 ജില്ലകളിലും വലിയ അളവിലാണ് ഓ​ഗസ്റ്റിൽ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

 

അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നി​ഗമനം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമുണ്ടാകുന്നു. ഐഒഡി സൂചിക +0.34 ഡിഗ്രി സെൽഷ്യസിൽ നിന്ന് +0.79 ഡിഗ്രി സെൽഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാകുകയും ചെയ്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here