ബെംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബെംഗളൂരുവിൽ വാഹന ബന്ദ് തുടങ്ങി. ‘ശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച അർധരാത്രിവരെയാണ് ബന്ദ്. 32 യൂണിയനുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ, ടാക്സി എന്നിവയും സ്കൂൾ ബസുകളും ഇന്ന് നിരത്തിലിറങ്ങില്ല. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ 500 അധിക ബസ് സർവീസ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസ് നടത്തും. ശക്തി പദ്ധതിമൂലമുണ്ടായ നഷ്ടം സർക്കാർ നികത്തുക, ബൈക്ക് ടാക്സികളെ നിരോധിക്കുക എന്നിവയുൾപ്പെടെയുള്ള 28 ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.
ഫെഡറേഷന് കീഴില്‍ 32000 പ്രൈവറ്റ് വാഹനങ്ങളാണ് ഉള്ളത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ശക്തി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രീമിയം അല്ലാത്ത ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കും. അതേസമയം ഈ പദ്ധതി കാരണം വരുമാനം ഒരുപാട് ഇടിഞ്ഞുവെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നഷ്ടം വരുന്ന തുക സര്‍ക്കാര്‍ നല്‍കാത്തത് കൊണ്ടാണ് ബന്ദ് പ്രഖ്യാപിച്ചത്. സ്വകാര്യ ടാക്‌സികള്‍, ക്യാബുകള്‍, ബസ്സുകള്‍, കാറുകള്‍, എന്നിവയെ എല്ലാം ബന്ദ് ബാധിക്കും.