മേലാറ്റൂർ∙ മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 2 സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൻസൻ, ടി.പി. ഷംസീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. യുവാവിന്റെ മരണത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
പൊലീസ് കസ്റ്റഡിയിലെടുത്ത പന്തല്ലൂർ കടമ്പോട് തെക്കേക്കര ആലുങ്ങൽ മൊയ്തീൻകുട്ടി (36) ആണ് പാണ്ടിക്കാട് സ്റ്റേഷനിൽ തളർന്നു വീണത്. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 7ന് മരിച്ചു.
പന്തല്ലൂരിൽ വേല ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ തിങ്കളാഴ്ച വൈകിട്ട് 5നാണ് ഇയാളുൾപ്പെടെ ഏഴു പേരെ പൊലീസ് പിടികൂടിയത്. ഹൃദയാഘാതമുണ്ടായെന്നാണു പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് മൊയ്തീൻകുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.