തോല്‍പ്പെട്ടി: ഏപ്രില്‍ 23ന് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് 100.222 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയ സംഭവത്തില്‍ കേസിലുള്‍പ്പെട്ട മാരുതി ഡിസയര്‍ കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.മലപ്പുറം മങ്കട വെളളിലമലയില്‍ പറമ്പില്‍ വീട്ടില്‍ അബ്ദുള്ള (40) യെയാണ് അറസ്റ്റ് ചെയ്തത്.വയനാട് അസി.എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സൈബര്‍ സെല്ലിലെ പ്രവന്റീവ് ഓഫീസര്‍ ഷിജു എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ്. എം.സി, വനിത സിവില്‍ ഓഫീസര്‍ ശ്രീജ മോള്‍ പി.എന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെത്താംഫിറ്റമിന്‍ കടത്തിക്കൊണ്ടുവന്നതിന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്തിരുന്നു. മെത്താംഫിറ്റമിന്‍ കടത്തിക്കൊണ്ടു വരുന്നതിന് വാഹനസൗകര്യം നല്‍കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് അബ്ദുള്ളയാണ്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനായി എടിഎം കാര്‍ഡ് ഉള്‍പ്പെടെ നല്‍കിയതിനും പ്രതികള്‍ എത്തിച്ചു നല്‍കുന്ന എംഡിഎമ്മെയും മെത്താംഫിറ്റമിനും വില്‍പ്പന നടത്തുന്നതിന് സഹായിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടകയിലെ പുത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നടത്തിയ ഇടപാടുകളുടെ സി.സി.ടി.വി ഫൂട്ടേജ് ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിക്കെതിരെയുള്ള തെളിവുകള്‍ ലഭ്യമാക്കിയത്. മുന്‍പ് പലതവണ പ്രതികള്‍ കൂട്ടുത്തരവാദിത്വത്തോടുകൂടി എം.ഡി.എം. എ ഉള്‍പ്പെടെ മയക്കുമരുന്നുകള്‍ കടത്തി കൊണ്ടു വന്നിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതി റിമാന്റില്‍ പാര്‍പ്പിച്ച് ഉത്തരവായിട്ടുള്ളതാണ്.