കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസിന് സസ്പെൻഷൻ. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് ഏലൂർ സ്വദേശി നെൽസനു വിനയായത്. ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ നെൽസൻ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു വച്ചിരുന്ന ബൈക്കിൽ കയറിയപ്പോഴാണ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിം പിടികൂടിയത്.
രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രേഖകൾ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ നിയമലംഘനത്തിന് തുടർച്ചയായി പിടിയിലാകുന്ന വ്യക്തിയാണ് നെൽസനെന്ന് ബോധ്യപ്പെട്ടു. കുറഞ്ഞ കാലയളവിൽ 11 തവണ ബൈക്ക് പിടികൂടി പിഴ ഈടാക്കിയതായി സൈറ്റിലുണ്ട്. ഇതിനകം 39,000 രൂപ പിഴ ചുമത്തിയതായും കണ്ടെത്തി. ഇന്നലെ കണ്ടെത്തിയ രൂപമാറ്റ കുറ്റത്തിന് 20,000 രൂപ കൂടി പിഴ ചുമത്തി.