മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കീഴരിയൂരിലെ നടുവത്തൂർ ആച്ചേരി കുന്നത്ത് അർജുൻ കൃഷ്ണയ്ക്ക് സയൻസ് വിഷയത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ലഭിച്ചു. മാധ്യമ വാർത്ത വന്നതിന് പിന്നാലെ പേരാമ്പ്ര ഹൈസ്കൂൾ കമ്മിറ്റി പ്രസിഡന്റ് എം.അജയ്കുമാർ കുട്ടിയെ കുറിച്ച് അന്വേഷിച്ച് കണ്ടെത്തി മാനേജ്മെന്റ് ക്വോട്ടയിലാണ് അർജുൻ കൃഷ്ണയ്ക്ക് സൗജന്യമായി സീറ്റ് നൽകി. രണ്ടു വർഷത്തെ പഠന ചെലവ് മുഴുവനായും വഹിക്കുന്നതായും മനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അർജുൻ കൃഷ്ണയുടെ വീട്ടിലെത്തി അച്ഛൻ ബിജുവിനെയും അമ്മ മഞ്ജുഷയെയും അറിയിക്കുകയായിരുന്നു.
ഇന്ന് അർജുൻ കൃഷ്ണ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിനു ചേരും. അർജുൻ ഒന്നാമതായി ഓപ്‌ഷൻ കൊടുത്തതും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളായിരുന്നു. വീട്ടിലെത്തിയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ അർജുൻ കൃഷ്ണയും മാതാപിതാക്കളായ ബിജുവും മഞ്ജുഷയും ചേർന്നു സ്വീകരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.അജയ്കുമാർ, സെക്രട്ടറി സുധാകരൻ വരദ, ട്രഷറർ ഗംഗാധരൻ കോവുമ്മൽ, ജോ. സെക്രട്ടറി പൂക്കോട്ട് ബാബുരാജ്, കമ്മിറ്റി അംഗം ഹരി എച്ച്.പി. ദാസ്, സ്കൂൾ അധ്യാപകൻ വി.ബി.രാജേഷ് എന്നിവരാണു നടുവത്തൂരിലെ വീട്ടിലെത്തി അർജുൻ കൃഷ്ണയ്ക്ക് പ്ലസ് വൺ സീറ്റ് അനുവദിച്ച വിവരം അറിയിച്ചത്.