കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്ക്കു ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നോ ഗോ സോൺ പരിധിയിൽ പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീട്ടുടമസ്ഥർ, വാടകയ്ക്കു താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്നവർ എന്നിവരെയാണു പട്ടികയിൽ ഉൾപ്പെടുത്തിയത്.
വാർഡ് പത്തിൽ കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 42 പേരും, ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 2 പേരും അടക്കം 44 പേരും, വാർഡ് 11ൽ കരട് ലിസ്റ്റിൽ ഉൾപ്പെട്ട 29 പേരും, ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 2 പേരും അടക്കം 31 പേരും, വാർഡ് 12ൽ കരട് ലിസ്റ്റിൽ ഉൾപ്പെട്ട 10 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 2 ഉൾപ്പെടെ 12 പേരുമാണു പട്ടികയിലുള്ളത്.
6 പേരെയാണ് ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത്. ഒട്ടേറെപ്പേരുടെ പരാതി തള്ളിയതായാണു വിവരം. നോ ഗോ സോൺ പരിധിയിലായിരുന്നിട്ടും പട്ടികയിൽ ഉൾപ്പെടാത്തവരുണ്ട്. ദുരന്തബാധിതരായ എല്ലാവരെയും പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെയും കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. എല്ലാ പരാതികളും അനുഭാവപൂർവം പരിഹരിക്കുമെന്നാണ് മന്ത്രി കെ.രാജൻ നൽകിയ ഉറപ്പ്. നൂറുകണക്കിനാളുകൾ ഇപ്പോഴും പട്ടികയ്ക്കു പുറത്താണ്.
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ദുരന്തബാധിതപ്രദേശത്തെ ഭൂമിയും വീടുകളും സ്ഥാപനങ്ങളും സറണ്ടര്‍ ചെയ്യണം എന്ന നിബന്ധനയിൽ മാറ്റം വരുത്തിയെന്ന് മന്ത്രി അറിയിച്ചു. സമ്മതപത്രത്തിലും അനുബന്ധ ഫോമുകളിലും വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതിയെന്നാക്കി. ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡും മന്ത്രി വിതരണം ചെയ്തു.