റീൽസ് കണ്ട് ആവേശം മോഡൽ പിറന്നാൾ പാർട്ടിക്ക് യുവാക്കളെത്തി; പാർട്ടിയ്ക്ക് പൊലീസിന്റെ വക ഉഗ്രൻ ട്വിസ്റ്റ്

0
919

ആവേശം മോഡൽ ഗുണ്ടാ പാർട്ടി നടത്താൻ ശ്രമം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ആവേശം മോഡൽ പാർട്ടി പൊലിസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. സംഭവത്തിൽ 32 പേർ തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ പുത്തൂർ സ്വദേശിയായ ഗുണ്ടാത്തലവൻ തീക്കാറ്റ് സാജന്റെ പിറന്നാളാഘോഷത്തിനാണ് യുവാക്കൾ പട്ടാപ്പകൽ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്.

 

ഇൻസ്റ്റാഗ്രാമിൽ തീക്കാറ്റ് സാജന്റെ റീലുകൾ കണ്ടു ആകൃഷ്ടരായവരാണ് പാർട്ടിക്ക് എത്തിയ 32 പേരും. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ആയിരുന്ന യുവാക്കളെ ചേർത്ത് തീക്കാറ്റ് സാജൻ പിന്നീട് വാട്സപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിൽ സാജൻ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണ് യുവാക്കൾ ബർത്ത് ഡേ പാർട്ടി ആഘോഷിക്കാൻ എത്തിയത്.തങ്ങളുടെ ആരാധ്യ പുരുഷനെ നേരിൽ കാണാനും ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാനും എത്തിയതാണ് ഒരു കേസിൽ പോലും പ്രതികൾ അല്ലാത്ത യുവാക്കളത്രയും. കേക്ക് വാങ്ങാൻ ചില യുവാക്കൾ പോയി തിരികെ എത്തുന്നതിനു മുൻപേ സംഭവം പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം മണത്തറിഞ്ഞു. നിമിഷങ്ങൾക്കകം തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നാലുവാഹനങ്ങളിലായ്യെത്തിയ പൊലിസ് പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു.

 

ഇതിനിടെ യുവാക്കൾ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലിസ് എല്ലാവരെയും പിടികൂടി. തീക്കാറ്റ് സാജന്‍ സിനിമാസ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ സംഘാംഗങ്ങളെ പൊലിസ് പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്കു വരാതെ രക്ഷപ്പെട്ടു. പിടിയിലായ 32 പേരിൽ പ്രായപൂര്‍ത്തിയാകാത്ത 18 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 14 പേരുടെ പേരില്‍ കേസെടുത്തു വിട്ടയച്ചു. നേരത്തെ തൃശ്ശൂർ കുറ്റൂർ പാടശേഖരത്തിന് നടുവിൽ മറ്റൊരു ഗുണ്ടയുടെ നേതൃത്വത്തിൽ ആവേശം മോഡൽ പാർട്ടി നടത്തിയത് ഏറെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here