ഹേമ കമ്മിറ്റി: ലൈംഗിക കുറ്റകൃത്യം അന്വേഷിക്കാൻ ഉത്തരവിടണം; ഹൈക്കോടതിയിൽ ഹർജി

0
154

കൊച്ചി∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ നിർദേശിക്കണമെന്നും ഇതിന്മേലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഉത്തരവിടണമെന്നുമുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ്‌ എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ്‌ എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായ്ചിറ നവാസാണ് ഹർജിക്കാരൻ.

 

റിപ്പോർട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണെന്ന് ഹർ‍ജിയിൽ പറയുന്നു. ലൈംഗികാവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വിവേചനം, ബലാത്സംഗം, മറ്റ് ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ സിനിമ മേഖലയിലെ സ്ത്രീകൾ നേരിട്ടതായി റിപ്പോര്‍‍ട്ടില്‍ പറയുന്നു. സ്ത്രീകൾ നേരിടുന്ന 17 പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൽ ലൈംഗികാതിക്രമം, ലഹരി ഉപയോഗം അടക്കം 5 എണ്ണം നേരിട്ട് കേസെടുക്കാവുന്ന കൊഗ്നിസിബിൾ ഒഫൻസാണ്. പൊതുസമൂഹത്തിനു മുൻപാകെ വെളിപ്പെടുത്തുന്നതിനു മാത്രമേ സ്വകാര്യത പ്രശ്നമുള്ളൂ, അതിനർഥം കുറ്റം ചെയ്തവർക്ക് ശിക്ഷാ നടപടികൾ നേരിടുന്നതിൽ നിന്നുള്ള സംരക്ഷണം ലഭിക്കുക എന്നതല്ല എന്ന് ഹർജിയിൽ പറയുന്നു.

 

കുറ്റം നടന്നിട്ടുണ്ട് എന്നത് വ്യക്തമായാൽ കുറ്റവാളികളെ ശിക്ഷിച്ച് കുറ്റകൃത്യത്തിനു തടയിടുക എന്നത് സർക്കാർ സ്വമേധയാ ചെയ്യേണ്ട കാര്യമാണ്. പേരുവിവരങ്ങൾ പുറത്തു വന്നാൽ സിനിമ മേഖലയിൽനിന്ന് പുറത്താകും എന്ന ഭയം കൊണ്ടാണ് ഇതിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് മൊഴി നൽകിയവരും പ്രതിസ്ഥാനത്ത് നിൽക്കുന്നവരും കരുതുന്നത്. അതിനർഥം റിപ്പോർട്ട് പുറത്തു വന്നിട്ടും കാര്യങ്ങൾക്ക് യാതൊരു മാറ്റവുമില്ല എന്നാണ്. 2019 മുതൽ ഈ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടായിട്ടും അതിന്മേൽ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.

 

ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തു വിടാത്ത ആ റിപ്പോർട്ടിലുള്ളത്. ഇതു പൊതുസമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നാണ് ഒരാവശ്യം. പൂർണ റിപ്പോർട്ടിലുള്ള ലൈംഗിക പീഡന വിഷയങ്ങളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നതാണ് മറ്റൊരാവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here