യുദ്ധം മുടക്കിയ വിവാഹം, ടാറ്റയ്ക്കു സമർപ്പിച്ച ജീവിതം; ഒരേയൊരു കാര്യത്തിൽ മാത്രം പശ്ചാത്താപം

0
999

രത്തന് അന്നു 10 വയസ്സ്. മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി രണ്ടുവഴിക്കു പിരിഞ്ഞു. മുന്നിലേക്കുള്ള വഴിയേത് എന്നറിയാതെ കൊച്ചു രത്തൻ ജീവിതത്തിന്റെ നാൽക്കവലയിൽ നിന്നു. അവിടെ, വിളിപ്പാടകലെ ഇരു കൈകളും വിരിച്ചുപിടിച്ച് അവനെ വാരിപ്പുണരാൻ മുത്തശ്ശി നവജ്ബായി കാത്തുനിൽപുണ്ടായിരുന്നു. മുത്തശ്ശി അവനോടു പറഞ്ഞു: തലയുയർത്തി നിൽക്കുക, പരിഹാസങ്ങളെ അവഗണിക്കുക, ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കുക.

 

മുത്തശ്ശിയായിരുന്നു രത്തന്റെ രത്നവും പളുങ്കുമെല്ലാം. അവർ കാട്ടിയ വഴിയേ രത്തൻ നടന്നു, ഓടി. ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയിൽ പോയി. ഇന്ത്യയിലെ അതിസമ്പന്നകുടുംബത്തിലെ സൗകര്യങ്ങളൊക്കെ മറന്നു ലൊസാഞ്ചലസിൽ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. അവിടെ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി അസ്ഥിയിൽപിടിച്ച പ്രണയം.

 

അമേരിക്കയിൽത്തന്നെ തുടരാനായിരുന്നു താൽപര്യം. പക്ഷേ, ഇന്ത്യയ്ക്കു രത്തനെ വേണമായിരുന്നു. ഇന്ത്യ അവനെ തിരിച്ചു വിളിച്ചതും മുത്തശ്ശിയിലൂടെയാണ്. ‘മുത്തശ്ശിയുടെ ആരോഗ്യം മോശമായി. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്കു മടങ്ങണോ എന്നതായി ചിന്ത. ഒടുവിൽ മടങ്ങിപ്പോന്നു; മുത്തശ്ശിയുടെയും ഇന്ത്യയെന്ന അമ്മയുടെയും അടുത്തേക്ക്. പ്രാണപ്രേയസി പിന്നീട് എത്തുമെന്നായിരുന്നു തീരുമാനം, അതു നടന്നില്ല.

1962 ലെ ഇന്ത്യ–ചൈന യുദ്ധമാണ് രത്തന്റെ വിവാഹജീവിതം മുടക്കിയത്. യുഎസിൽനിന്ന് രത്തൻ ഇന്ത്യയിലേക്കു വന്നു. വിവാഹശേഷം ഇരുവരും ഇവിടെ സ്ഥിരതാമസമാക്കുമെന്നായിരുന്നു തീരുമാനം. ചൈനയുമായുള്ള യുദ്ധം യുഎസിലെ മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായി. ഇന്ത്യയിൽ വൻ യുദ്ധം നടക്കുകയാണെന്നും അതു പെട്ടെന്നു തീരാൻപോകുന്നില്ലെന്നും തോന്നിയ പെൺകുട്ടി ഇന്ത്യയിലേക്കില്ലെന്നു തീർത്തുപറഞ്ഞു. രത്തനാകട്ടെ യുഎസിൽ സ്ഥിരതാമസമാക്കാനുള്ള സാഹചര്യമല്ലായിരുന്നു. അതോടെ ഇരുവരും വേർപിരിഞ്ഞു. ‘അവൾ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാൻ പിന്നെ വിവാഹം കഴിച്ചുമില്ല’ – രത്തൻ ടാറ്റ ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

 

ആ പ്രണയം എന്നും നൊമ്പരമായി കൂടെക്കൂടി; മരണം വരെ. വിവാഹത്തോട് എന്നന്നേക്കുമായി ‘ടാറ്റാ’ പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയില്ല, പിന്തുടർച്ചയ്ക്ക് മക്കളില്ല. ‘ആ ഒറ്റപ്പെടൽ പലപ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ട്’– രത്തൻ തുറന്നു പറയാൻ മടിച്ചില്ല.

 

ചോരത്തിളപ്പിന്റെ കാലത്ത് രത്തനു പുതിയ പ്രണയങ്ങളുണ്ടായി: ടാറ്റയെന്ന തന്റെ പരമ്പരാഗത ബിസിനസ് സാമ്രാജ്യം, പതിനായിരക്കണക്കിനു തൊഴിലാളികൾ, സാധാരണക്കാരുടെ ഇന്ത്യയിൽ, ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോയും ഇലക്ട്രിക് കാറുകളും പോലുള്ള വിപ്ലവചിന്തകൾ.

 

ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്ന, 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയർത്തിയിട്ടാണ് രത്തൻ ടാറ്റയുടെ മടക്കം. രത്തൻ വിടപറയുമ്പോൾ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും…! പഴയ ബോംബെയുടെ നടുവിൽ, ഒരു കൂറ്റൻ ബംഗ്ലാവിലാണ് രത്തൻ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെർലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്. റോൾസ് റോയിസിലായിരുന്നു സ്കൂളിൽ പോയിരുന്നത്.

 

വീട്ടിൽ ഏതു സമയത്തും 50 ജോലിക്കാരെങ്കിലും ഉണ്ടാകുമായിരുന്നു. അത്യാഡംബരത്തിൽ വളർന്നപ്പോഴും അത് അദ്ദേഹത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതു വരെ കൊളാബയിലെ ബഖ്താവറിൽ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്ലാറ്റിലാണ് വർഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരിടം.

 

ധനികബാലനായി വളർന്നൊരാൾ ആഡംബരത്തോടു മുഖംതിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചാൽ രത്തൻ ടാറ്റ അമേരിക്കയിൽ കഴിഞ്ഞ 10 വർഷങ്ങളെക്കുറിച്ച് ഓർമിപ്പിക്കുമായിരുന്നു. ജീവിതച്ചെലവിനു തുക കണ്ടെത്താൻ കണ്ണിൽക്കണ്ട ജോലികളെല്ലാം എടുത്തു. പാത്രം കഴുകാൻ വരെ പോയിട്ടുണ്ടെന്നും അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ധനികകുടുംബത്തിലാണു വളർന്നതെന്ന കാര്യം മറന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here