ഭോപാൽ > മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ദമോഹ് ജില്ലയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സഹപാഠികളായ നാല് വിദ്യാർഥികളാണ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. ശേഷം വീഡിയോ ചിത്രീകരിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
സ്‌കൂൾ വിട്ടതിന് ശേഷം സഹപാഠികളായ നാലുവിദ്യാർഥികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തിരികെ വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. എന്നാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല.
തുടർന്ന് വ്യാഴാഴ്ച സ്കൂളിലെത്തിയ പെൺകുട്ടിയെ വിദ്യാർഥികൾ വീണ്ടും ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹപാഠികളായ നാലുപേർക്കെതിരേ കേസെടുത്തു.