മിന്നൽ വേഗത്തിൽ മുഹമ്മദ് സിദാന്റെ ഇടപെടൽ; കൂട്ടുകാർക്കു പുതുജീവൻ

0
1155

അലനല്ലൂർ ∙ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാന്റെ അവസരോചിത ഇടപെടലിൽ രണ്ടു കൂട്ടുകാർക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ. സിദാനാണു ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ ഉൾപ്പെടെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവരുടെ അനുമോദനത്തിനു നടുവിലാണ് ഇപ്പോൾ സിദാൻ. ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്കൂൾ ബസ് കാത്തുനിൽക്കുമ്പോഴാണു സംഭവം.

 

സിദാന്റെ കൂട്ടുകാരൻ മുഹമ്മദ് റാജിഹ് പ്ലാസ്റ്റിക് ബോട്ടിൽ തട്ടിക്കളിക്കുന്നതിനിടെ ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്കു വീണു. ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ. വെപ്രാളത്തിനിടെ ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈകുടുങ്ങി. കുടുങ്ങിയ കൈ വലിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു. താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ മറ്റൊരു കൂട്ടുകാരൻ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്.

 

സമയം ഒട്ടും പാഴാക്കാതെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനൽകി. സിദാൻ അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മറ്റു രണ്ടു പേർക്കും അപകടം സംഭവിക്കുമായിരുന്നു.

 

കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണു മുഹമ്മദ് സിദാൻ (10). വീട്ടിൽ മുൻപ് ഉണ്ടായ അപകടത്തിൽ നിന്നാണ് ഷോക്കേറ്റാൽ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാൻ പറയുന്നു. അക്കര വീട്ടിൽ സലീമിന്റെയും ഹസനത്തിന്റെയും മകനാണു പരുക്കേറ്റ മുഹമ്മദ് റാജിഹ്, പൂവ്വത്തുംപറമ്പൻ യൂസഫിന്റെയും ജുസൈലയുടെയും മകനാണ് ഏഴാം ക്ലാസുകാരനായ ഷഹജാസ്.

 

കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മനഃസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ്‌ സിദാനെ ഫോണിൽ വിളിച്ചാണു മന്ത്രി അഭിനന്ദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പ്രിൻസിപ്പൽ എം.പി.സാദിഖ്, പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, പിടിഎ പ്രസിഡന്റ് കെ.ടി.അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്.മനോജ്, സീനിയർ അധ്യാപകൻ പി.മനോജ്, കെ.മൊയ്തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here