പത്തനംതിട്ട∙ കായികതാരമായ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ 9 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ പലരും ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
64 പേർ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതിൽ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പതിമൂന്നാം വയസ്സിലായിരുന്നു ഇത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകർത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആൺസുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്.
മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
പെൺകുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പല സ്ഥലങ്ങളില്‍വച്ച് നടന്ന പീഡനമായതിനാല്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.