ചെന്നൈ ∙ വെല്ലൂരിൽ വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും 23,000 രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ നടന്ന കേസിലാണു 17 വയസ്സുകാരനെ വെല്ലൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 4 പ്രതികൾക്ക് കഴിഞ്ഞ ജനുവരിയിൽ 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
ബിഹാർ സ്വദേശിനിയായ ഡോക്ടറും മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സഹപ്രവർത്തകനും കാട്പാടിയിൽ സിനിമ കണ്ട് ഷെയർ ഓട്ടോയിൽ മടങ്ങിയപ്പോഴായിരുന്നു അതിക്രമം. ഓട്ടോയിലുണ്ടായിരുന്ന മറ്റ് 4 പേരും ഡ്രൈവറും ചേർന്ന് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. തുടർന്ന് യുവതിയെ പീഡിപ്പിച്ചു.
40,000 രൂപയും രണ്ട് പവൻ സ്വർണാഭരണവും പ്രതികൾ കവർന്നു. ബിഹാറിലേക്കു മടങ്ങിയ യുവതി വെല്ലൂർ എസ്പിക്ക് ഓൺലൈനായി നൽകിയ പരാതിയിലാണു പ്രതികളെ പിടികൂടിയത്. മോഷണ വസ്തുക്കളും കണ്ടെടുത്തു.