ഊരാക്കുടുക്കായി ആത്മഹത്യക്കുറിപ്പ്; പ്രതിസന്ധിയിൽ വയനാട്ടിലെ കോൺഗ്രസ്

0
48

കൽപറ്റ ∙ എൻ.എം.വിജയന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതോടെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ പോകേണ്ടി വരുമോ എന്ന ആശങ്കയിൽ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ജയിലിൽ അടച്ചിരുന്നു. ദിവ്യയെ സംരക്ഷിക്കാൻ സിപിഎം പരമാവധി ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ജയിലിലേക്ക് പോയത്. സമാനമായ സാഹചര്യമാണ് ഐ.സി.ബാലകൃഷ്ണനും നേരിടുന്നത്. കോൺഗ്രസ് എംഎൽഎ ആയതിനാൽ ഐ.സി.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാർ മടി കാണിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ഭയക്കുന്നു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും കേസിൽ പെട്ടതോടെ വയനാട്ടിലെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലാണ്.

 

കോൺഗ്രസിന്റെ കരുത്തൻ

 

വയനാട്ടിലെ ജനകീയ നേതാവ് എന്നാണ് ഐ.സി.ബാലകൃഷ്ണനെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. മൂന്നു തവണ തുടർച്ചയായി ബത്തേരി എംഎൽഎയായി. 2011ൽ സിപിഎമ്മിന്റെ ഇ.എ.ശങ്കരനെ 7,583 വോട്ടിനു തോൽപിച്ചുകൊണ്ടാണ് മാനന്തവാടിക്കാരനായ ഐ.സി.ബാലകൃഷ്ണൻ കരുത്തു തെളിയിച്ചത്. പിന്നീട് ഇ.എ.ശങ്കരൻ കോൺഗ്രസിൽ ചേർന്നു. 2016ൽ രുഗ്മിണി ഭാസ്കരനെയും (11,198 വോട്ടിന്റെ ഭൂരിപക്ഷം) 2021ൽ എം.എസ്.വിശ്വനാഥനെയും (11,822 വോട്ടിന്റെ ഭൂരിപക്ഷം) തോൽപിച്ചു. കോൺഗ്രസ് വിട്ടുപോയ ആളാണ് എം.എസ്.വിശ്വനാഥൻ.

 

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ബത്തേരി. 2021ൽ ബിജെപി സി.കെ.ജാനുവിനെ ഇറക്കി ത്രികോണ മത്സരം നടത്തിയിട്ടും ഐ.സി.ബാലകൃഷ്ണന് വോട്ടു കൂടിയിരുന്നു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ബന്ധുവായ ഐ.സി.ബാലകൃഷ്ണൻ യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്.

 

ഊരാക്കുടുക്കായി ആത്മഹത്യക്കുറിപ്പ്

 

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ വിവാദത്തിൽ സിപിഎം തുടക്കം മുതൽ ഐ.സി.ബാലകൃഷ്ണനെ ഉന്നംവച്ചിരുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട് മുൻപും ഐ.സി.ബാലകൃഷ്ണന്റെ പേര് ഉയർന്നു വന്നിരുന്നെങ്കിലും അതു തേഞ്ഞുമാഞ്ഞുപോയിരുന്നു. എൻ.എം.വിജയന്റെ ആത്മഹത്യക്കുറിപ്പിൽ പേര് വന്നതോടെ ബാലകൃഷ്ണൻ ഊരാക്കുടുക്കിലായി.

 

 

കോൺ‌ഗ്രസ് നേതാവ് കെ.കെ.ഗോപിനാഥന്റെ നേതൃത്വത്തിലാണ് ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങൾ നിയന്ത്രിച്ചിരുന്നതെന്ന് കെപിസിസി അന്വേഷണക്കമ്മിഷൻ കണ്ടെത്തിയിരുന്നു. അതിന്റെ പേരിൽ കെപിസിസി നടപടിയെടുത്ത ഡോ. സണ്ണി ജോർജ് ഇപ്പോൾ സിപിഎമ്മിനൊപ്പമാണ്. നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് നൽകിയെന്നാണ് സണ്ണി ജോർജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അർബൻ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന സണ്ണി ജോർജിന്റെ മൊഴി ഉൾപ്പെടെ ഐ.സി.ബാലകൃഷ്ണന് കെണിയാകും.

 

പ്രതിസന്ധിയിൽ‌ പാർട്ടി

 

ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസിന്റെ കയ്യിലായിരുന്നു. ദീർഘകാലമായി ഈ സ്ഥാപനങ്ങളിലേക്ക് പണം വാങ്ങി നിയമനം നടത്തിയിരുന്നത് അങ്ങാടിപ്പാട്ടായിരുന്നു. നേതാക്കൻമാർ തമ്മിലുള്ള പടലപിണക്കങ്ങൾ കാരണം ഇപ്പോൾ ഒറ്റ സ്ഥാപനം മാത്രമാണ് കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ളത്. കാർഷിക ഗ്രാമവികസന ബാങ്ക്, സർവീസ് സഹകരണ ബാങ്ക്, പാൽ സൊസൈറ്റി, ഹൗസിങ് സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളെല്ലാം സിപിഎമ്മും ബിജെപിയും പിടിച്ചെടുത്തു. അർബൻ ബാങ്ക് മാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ കയ്യിലുള്ളത്.

 

എൻ.എം.വിജയന്റെ കത്തിൽ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാമർശമുള്ളപ്പോൾ, നിയമന അഴിമതിക്കേസിൽ വിജയൻ അടക്കം 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ ഐ.സി.ബാലകൃഷ്ണൻ ഇല്ല. എന്നാൽ നിയമന അഴിമതിക്കേസിലും ആത്മഹത്യ‌പ്രേരണാക്കേസിലും, കോൺഗ്രസ് പുറത്താക്കിയ കെ.െക.ഗോപിനാഥനുണ്ട്. ഐ.സി.ബാലകൃഷ്ണൻ നിയമന അഴിമതി നടത്തിയെന്ന് വിജയന്റെ കത്തിൽ പറയുന്നുണ്ടെങ്കിലും ബാലകൃഷ്ണനെതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. പക്ഷേ മരണത്തിന് ഉത്തരവാദികൾ ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.െക.ഗോപിനാഥൻ, അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവരാണെന്ന് എൻ.എം.വിജയൻ എഴുതിവച്ചത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here