ഭർത്താവിനെയും മകളെയും ഒഴിവാക്കാൻ കാമുകനുമായി ചേർന്ന് അരുംകൊല; ‘അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനം’

0
772

‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാന‌മാണ്. എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണ്’ – ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയ ഈ വാചകങ്ങളാണ് ഓർമയിൽ വരുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾകൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന വില്യം ഷേക്സ്പിയറുടെ മക്ബത്ത് നാടകത്തിൽനിന്നുള്ള വരികൾ ഉദ്ധരിച്ച കോടതി, നിനോ മാത്യുവിനെ മരണംവരെ തൂക്കിലേറ്റണമെന്നും ഉത്തരവിട്ടു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അനുശാന്തിക്ക് ജാമ്യം അനുവദിച്ച കേസിന്റെ വിശദാംശങ്ങളിങ്ങനെ:

 

ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വാസ്തിക (നാല്) എന്നിവരാണു 2014 ഏപ്രിൽ 16നു വീടിനുള്ളിൽ അരുംകൊല ചെയ്യപ്പെട്ടത്. കെഎസ്ഇബി അസി. എൻജിനീയറായിരുന്ന ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ തിരുവനന്തപുരം കരമണിൽ മാഗി നിവാസിൽ നിനോ മാത്യുവിനെയും ലിജീഷിന്റെ ഭാര്യയും ടെക്നോപാർക്കിൽ ഇതേ കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന അനുശാന്തിയെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭർത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം.

 

നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണു കരിമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈൽഫോണിൽനിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെയും കൊലയിൽ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

 

അന്നത്തെ റൂറൽ എസ്പി രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈഎസ്പി: ആർ. പ്രതാപൻനായർ, സിഐ: എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത്.

 

പൊലീസ് വിശദീകരണം: ആലംകോട് ചാത്തമ്പറയിൽ പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡ് ജീവനക്കാരനായ ലിജീഷും പിതാവ് തങ്കപ്പൻ ചെട്ടിയാരും അവിടെയായിരിക്കവെ സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ നിനോ മാത്യു കെഎസ്ഇബി ജീവനക്കാരനാണെന്നും ലിജീഷിന്റെ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും പരിചയപ്പെടുത്തി ഓമനയെക്കൊണ്ടു ഫോണിൽ ലിജീഷിനെ വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു. അടുക്കളയിലേക്കു തിരിഞ്ഞ ഓമനയുടെ പിന്നാലെ എത്തിയ നിനോ മാത്യു കുട്ടിയെ ഒക്കത്തെടുത്തു നിന്നിരുന്ന ഓമനയെ ബേസ്ബോൾ സ്റ്റിക്ക് കൊണ്ട് അടിച്ചുവീഴ്ത്തി, കഴുത്തിൽ തുരുതുരെ വെട്ടുകയായിരുന്നു.

 

തുടർന്നു കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തി. നാലു വയസ്സുകാരിയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നശേഷം വാതിലിനിടയിൽ മറഞ്ഞുനിന്നു. ബൈക്കിൽ വീട്ടിലെത്തിയ ലിജീഷ് അകത്തു കയറുന്നതിനിടെ മുഖത്തു മുളകുപൊടിയെറിഞ്ഞു കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. ആദ്യവെട്ട് തടുത്ത് അലറിക്കരഞ്ഞു പുറത്തേക്കോടിയ ലിജീഷിനെ പിന്തുടർന്നു വെട്ടിവീഴ്ത്തി വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും ഓമനയും ചെറുമകളും മരിച്ചിരുന്നു.

 

മോഷണത്തിനിടെയുള്ള കൊല എന്നു വരുത്തിത്തീർക്കാനായിരുന്നു സ്വർണാഭരണങ്ങൾ കവർന്നതെന്നായിരുന്നു ആദ്യ സംശയം. ചിട്ടിപിടിക്കാനെന്നും പറഞ്ഞു പത്തര മണിയോടെ ഓഫിസ് വിട്ടിറങ്ങിയ നിനോ മാത്യു കഴക്കൂട്ടത്തു കാർ ഒതുക്കി ബസിലാണ് ആലംകോട്ടെത്തിയതും നടന്നു വീട്ടിലെത്തി അരുംകൊലകൾ നടത്തി മടങ്ങിയതെന്നുമായിരുന്നു പൊലീസ് വിശദീകരണം. ഭാര്യയും നാലു വയസ്സുകാരി മകളുമുള്ള നിനോ മാത്യു ഇവരെ വിട്ടാണ് അനുശാന്തിയുമായി അടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here