മുംബൈ ∙ നടൻ സെയ്ഫ് അലി ഖാനു വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെ 9ന് പൊലീസ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മുംബൈയിലെ പബ്ബില്‍ ജോലിക്കാരനാണു പ്രതി. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയിൽ ഹാജരാക്കും. വ്യാജ തിരിച്ചറിയൽ രേഖയുള്ളതിനാൽ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.
സെയ്ഫിന്റെ വീട്ടിൽനിന്ന് അക്രമി പടികൾ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. പ്രതിയെ പിടിക്കാൻ 20 സംഘങ്ങളെയും നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ടു ഛത്തിസ്ഗഡിലെ ദുർഗിൽ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. ആകാശ് കൈലാഷ് കന്നോജിയ (31) എന്ന പ്രതിയെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസ് ദുർഗിലെത്തി. ശനിയാഴ്ച മധ്യപ്രദേശിൽനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.