മുംബൈ∙ നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് ഗുരുതരമായി കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്നു പൊലീസ്. മുഹമ്മദ് ഷെരീഫുൽ ഇസ്‌ലാം ഷെഹ്സാദ് എന്നയാളാണു പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നു ഡിസിപി ദീക്ഷിത് ഗെദാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി 30 വയസ്സുകാരനായ ബംഗ്ലദേശ് പൗരനാണെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്. പേരു മാറ്റി അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്കു കടന്നത്. നിലവിൽ വിജയ് ദാസ് എന്ന പേരിലായിരുന്നു താമസം. 5–6 മാസം മുൻപുതന്നെ മുംബൈയിൽ വന്നു പോയിരുന്നു. സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. ഹൗസ് കീപ്പിങ് ഏജൻസിലായിരുന്നു ജോലി.’’– ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി.
മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ സെയ്ഫിന്റെ വീട്ടിൽ കയറിയത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. തുടർ അന്വേഷണത്തിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ആദ്യമായാണ് ഇയാൾ സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണു നിഗമനം. പാസ്പോർട്ട് നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തും’’– പൊലീസ് പറഞ്ഞു.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നു ഞായറാഴ്ച പുലർച്ചെയാണു പ്രതിയെ പിടികൂടിയത്. ബിജെ എന്ന മുഹമ്മദ് അലിയാൻ എന്നാണു പ്രതിയുടെ പേരായി പൊലീസ് ആദ്യം പുറത്തുവിട്ടത്. ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.