നൃത്തത്തിനിടെ പാട്ട് നിന്നതിനെ കളിയാക്കി; വിദ്യാർഥികൾ ഏറ്റുമുട്ടി, പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

0
413

താമരശ്ശേരി∙ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റ‌ത്.

 

താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കന്‍ഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.

 

എന്നാൽ എംജെ സ്കൂളിലെ വിദ്യാർഥികൾ അടുത്ത ദിവസം ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാൻ പദ്ധതിയിട്ടു. വ്യാഴാഴ്ച കൃത്യം 5 മണിക്ക് ട്യൂഷൻ സെന്ററിന് സമീപമെത്തണമെന്ന് ഗ്രൂപ്പിൽ സന്ദേശം അയച്ചു. അവിടെ എത്തിയ 15 വിദ്യാർഥികളാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ പുറത്ത് പരുക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു.

 

മകൻ തളർന്നു കിടക്കുന്നതു കണ്ട് ഷഹബാസിന് ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോ എന്നാണ് വീട്ടുകാർ കരുതിയത്. പിന്നാലെ അവന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കോമ അവസ്ഥയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here