മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. യുവാവ് പറഞ്ഞത് കളവെന്ന് വനം വകുപ്പ്. കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ. ദൃശ്യമാധ്യമങ്ങളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച കരുവാരക്കുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജെറിനെതിരെയാണ് പോലീസ് കേസെടുത്തത്.
യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം നേർക്കുനേർ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയത്. നോർത്ത് ഡിഎഫ്ഒയോട് പ്രചരിപ്പിച്ചത് വ്യാജ വിഡിയോ ആണെന്ന് യുവാവ് സമ്മതിച്ചിരുന്നു.
സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്ക് പോകുമ്പോൾ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്ന് കടുവയെ കണ്ടെന്നാണ് ജെറിൻ മാധ്യമങ്ങളോട് അടക്കം പറഞ്ഞിരുന്നത്.