എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി ലഹരി കടത്തുകാരൻ; താടിയെല്ലിന് പരുക്ക്

0
740

വയനാട് ∙ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു വീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്സൈസ് ഓഫിസർ ജെയ്മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ലഹരികടത്തിന്റെ പ്രധാന വാതിലുകളിൽ ഒന്നാണ് ബാവലി ചെക്ക് പോസ്റ്റ്.

 

ബാവലി ചെക്പോസ്റ്റിന് സമീപമെത്തിയ സ്കൂട്ടർ വാഹന പരിശോധന കണ്ട് പെട്ടെന്ന് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉദ്യോഗസ്ഥന്റെ നേരേ പാഞ്ഞെത്തിയ സ്കൂട്ടർ അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ ഉദ്യോഗസ്ഥന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടൽ ഉൾപ്പെടെ സാരമായി പരുക്കേൽക്കുകയും ചെയ്തു.

 

സ്ഥിരം ലഹരികടത്തുകാരനും മുൻപും ഇത്തരം കേസുകളിൽ പ്രതിയുമായിട്ടുള്ള അഞ്ചാംമൈൽ സ്വദേശി ഹൈദറാണ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളഞ്ഞത്. ഹൈദറിനെ തിരിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ഇയാളെ പിടികൂടി. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ബാവലി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വൻതോതിൽ ലഹരി എത്തുന്നതെന്നും ഇതിന് തടയിടാൻ കർണാടക പൊലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ സംയുക്ത പരിശോധന നടത്താനുള്ള തയാറെടുപ്പിലാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here