രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. തെക്കൻ ഡൽഹിയിലെ ടിഗ്രി മേഖലയിൽ 21 കാരനെ കുത്തിക്കൊന്നു. 3000 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിരക്കേറിയ തെരുവിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം.
സംഗം വിഹാർ നിവാസി 21 കാരനായ യൂസഫ് അലിയെയാണ് പട്ടാപ്പകൽ കുത്തിക്കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഒന്നിലധികം തവണ കുത്തേറ്റ അലിയെ ബത്ര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷയ്ക്കാനായില്ല. അക്രമി അലിയെ കുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ നോക്കിനിൽക്കെ ക്രൂരമായി നിലത്തിട്ട് കുത്തുന്നതാണ് വീഡിയോ.
ഷാരൂഖ് എന്നൊരാളിൽ നിന്ന് മകൻ 3000 രൂപ കടം വാങ്ങിയിരുന്നതായി അലിയുടെ പിതാവ് സാഹിദ് അലി മൊഴി നൽകി. ഈ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ അലിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. സംഗം വിഹാറിലെ കെ2 ബ്ലോക്കിലെ താമസക്കാരനായ ഷാരൂഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്.