പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കാഞ്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കവർച്ച. കൂലിപ്പണിക്കാരനായ ബാലൻ മദ്യശാലയ്ക്ക് മുന്നിലൂടെ നടന്നു പോകുമ്പോൾ രണ്ടുപേർ പിന്നാലെ വന്ന് തടഞ്ഞു നിർത്തി, ബലമായി മൊബൈൽ കൈക്കലാക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. ശേഷം സമീപത്തെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ബാലൻ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ രണ്ടും ഇതിന് മുമ്പും സമാനക്കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.