പേരിയയിൽ ഉണ്ടായിരുന്നത് അഞ്ച് മാവോയിസ്റ്റുകൾ, കൈയ്യിൽ ഇൻസാസ് തോക്കും; പിടിയിലായവർക്കെതിരെ യുഎപിഎ

0
451

കൽപ്പറ്റ: വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാൻ പൊലീസ് നടത്തിയത്. രക്തച്ചൊരിച്ചിൽ ഇല്ലാത്ത ഓപ്പറേഷനിലൂടെയായിരുന്നു രണ്ട് പേരെ പിടികൂടിയത്. ചപ്പാരം ഏറ്റുമുട്ടൽ കേരളത്തിലെ സമീപകാല മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ മികച്ചതെന്നാണ് പൊലീസ് സേനയ്ക്ക് അകത്തെ വിലയിരുത്തൽ. 2019 മാർച്ച് ഏഴിന് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ, സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായ ചന്ദ്രു അന്ന് ഓടിരക്ഷപ്പെട്ടയാളാണ്.

 

ബപ്പനം വാളാരം കുന്നിൽ 2020 നവംബർ മൂന്നിന് ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് വേൽമുരുകൻ എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടു. പിന്നീട് ജനവാസ മേഖലയിൽ നിന്ന് അകന്നുനിന്ന മാവോയിസ്റ്റുകൾ കഴിഞ്ഞ സെപ്തംബറിൽ വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തു. പിന്നെ കണ്ടത് ഇടവേളകളില്ലാത്ത കാടിറക്കം. ഇവരിൽ നിന്ന് പിടിച്ചെടുത്ത നാലു തോക്കുകളിൽ ഒന്ന് ഇൻസാസ് തോക്കാണ്.

 

ആർപിഎഫിന്റെ ഛത്തീസ്ഗഡിലെ പ്ലറ്റൂൺ ആക്രമിച്ച് മൂവായിരത്തോളം ഇൻസാസ് തോക്കുകൾ മാവോയിസ്റ്റുകൾ കവർന്നിരുന്നു. അതിൾ ഉൾപ്പെട്ട തോക്കാണോ എന്നാണ് പൊലീസ് സംശയം. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധ പുരോഗമിക്കുകയാണ്. തണ്ടർബോൾട്ട് ചപ്പാരത്തെ വീട് വളഞ്ഞപ്പോൾ, ആദ്യം ചെയ്തത് വീടിന്റെ പുറത്തുവച്ചിരുന്ന തോക്കുകൾ എടുത്തുമാറ്റുകയാണ്. ഇതാണ് ജീവനോടെ പിടിക്കണമെന്ന നിർദേശം പാലിക്കാൻ തണ്ടർബോൾട്ടിനെ തുണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here