കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയത് വിമുക്ത ഭടനും കോളജ് അധ്യാപികയും

0
2067

കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി. പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസർകോട് സ്വദേശിയായ ആദ്യ ഭർത്താവുമായും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. വിനോദിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജെയ്ൻ മരിയ. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

 

മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം നടത്തി. മടിക്കേരിയിലെ റിസോർട്ടിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. കാറിലാണ് എത്തിയത്. പിറ്റേന്നു രാവിലെ ചെക്ക്–ഔട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും 11 മണിയായിട്ടും ആരെയും പുറത്തു കണ്ടില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ അവിടെനിന്ന് തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായ ജിബി ഏബ്രഹാമുമായി അടുപ്പത്തിലായത്. തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം.

 

കോളജിൽനിന്ന് ഒരാഴ്ച മുൻപാണ് ജിബി ലീവെടുത്തത്. ഡൽഹിയിലേക്കു പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെയാണ് കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ ഭർത്താവിനും മകൾക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here