മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; നടൻ രൺബീർ കപൂറിനെതിരെ പരാതി

0
534

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. മുംബൈ സ്വദേശിയാണ് ഘട്‌കോപ്പർ സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

 

കഴിഞ്ഞ ദിവസം രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. രൺബീർ കേക്കിൽ മദ്യം ഒഴിച്ച് കത്തിക്കുന്നതും, ‘ജയ് മാതാ ദി’ എന്ന് പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിനെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.

 

മുംബൈ സ്വദേശി സഞ്ജയ് തിവാരിയാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പൊലീസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. ഹിന്ദുമതത്തിൽ ‘തീ’യെ അഗ്നി ദേവനായി ആരാധിക്കുന്നു. നടനും കുടുംബാംഗങ്ങളും ബോധപൂർവം മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ ഹിന്ദുമതത്തെ അപമാനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

 

മദ്യം ഒഴിച്ച് കേക്ക് കത്തിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. അതേസമയം പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here