രാഹുൽ എത്തി, ഒപ്പം പ്രിയങ്കയും; കൽപറ്റയിൽ വൻ റോഡ് ഷോ

0
753

കൽപറ്റ ∙ വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇരുവരും തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപറ്റയിലേക്കു നീങ്ങുകയാണ്. ഇന്നു 12നാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. റോഡ് ഷോയ്ക്കായി വൻ ജനാവലിയാണ് കൽപറ്റയിലേക്ക് ഒഴുകിയെത്തിയത്.

 

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാർ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, കൽപറ്റ എംഎൽഎ ടി. സിദ്ദിഖ് തുടങ്ങിയവർ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്.

 

ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിനു സമീപം തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുൽ റോഡ് ഷോയ്ക്കായി പോയത്. പത്രികാസമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് അരങ്ങേറുന്നത്.

 

രാഹുൽ ഗാന്ധിയെ കാത്ത് വൻ ജനാവലിയാണ് കൽപറ്റയിൽ തടിച്ചുകൂടിയിരിക്കുന്നത്. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൽപറ്റയിൽ എത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും ഇന്നു തന്നെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here