റിട്ട.ഡോക്ടർക്ക് ‘വിവാഹം’; കാസർകോട്ടു നിന്ന് എത്തിച്ച ‘വധു’ 6 ലക്ഷം തട്ടി മുങ്ങി

0
875

കോഴിക്കോട് ∙ പുനർവിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർ‌വിവാഹത്തിനു നിർബന്ധിച്ചത്.

 

പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. തുടർന്നു യുവാവും സംഘവും കാസർകോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടർക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തിൽ നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കൾ എന്നു പരിചയപ്പെടുത്തിയ ചിലർ കൂടി എത്തി. തുടർന്നു വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു.

 

‘നവദമ്പതികൾക്ക്’ ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതിൽ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം വിട്ടത്. പിറ്റേന്നു വീണ്ടും എത്തിയ സംഘം, നടക്കാവിൽ പണയത്തിനു വീട് ഏർപ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുൻകൂർ ആയി നൽകണമെന്നും അറിയിച്ചു.

 

പണം കൈമാറി വീടു കാണാൻ പോകുന്നതിനിടയിൽ തൊട്ടടുത്ത ആരാധനാലയത്തിൽ കയറുന്നതിനായി ഡോക്ടർ ഫോണും ലാപ്ടോപും അടങ്ങിയ ബാഗും സംഘത്തിനു കൈമാറി. തിരിച്ചെത്തിയപ്പോൾ സംഘം സ്ഥലംവിട്ടിരുന്നു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here